ശബരിമല കേന്ദ്രം ഏറ്റെടുക്കും; വിചിത്ര ആഹ്വാനവുമായി സുരേഷ് ഗോപി

രേണുക വേണു

ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (10:12 IST)
ശബരിമല ക്ഷേത്രം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വിചിത്ര പരാമര്‍ശവുമായി തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്‌നം തീരുമെന്നും സുരേഷ് ഗോപി പറഞ്ഞു. 
 
ശബരിമല വികസനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ ശബരിമല വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. 
 
ഏകീകൃത സിവില്‍ കോഡ് ഉടന്‍തന്നെ വരുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഇതുവന്നുകഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്‍ പിന്നാലെ കൊണ്ടുവരും. ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനം നിലവില്‍ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്തെ പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആല്‍ത്തറയില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 
 
ക്ഷേത്രങ്ങള്‍ക്കായി കേന്ദ്രം പ്രത്യേക ബില്‍ കൊണ്ടുവരുന്നതോടെ കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരും. അതിനു കീഴിലാകും ക്ഷേത്രങ്ങള്‍. അത് വരാന്‍ ആകില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. കേന്ദ്രത്തില്‍ ദേവസ്വം ബോര്‍ഡ് പോലൊരു സംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവര്‍ത്തനം ഒരേ രീതിയിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍