‘മദ്യലോബിയുടെ ആളാണെന്ന ആരോപണത്തില്‍ സുധീരന്‍ വ്യക്തത വരുത്തണം’

തിങ്കള്‍, 2 ജൂണ്‍ 2014 (14:53 IST)
താന്‍ മദ്യലോബിയുടെ ആളാണെന്ന ആരോപണത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തത വരുത്തണമെന്ന് മുന്‍ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. കെപിസിസി ഉപസമിതിക്ക് മുന്‍പാകെയാണ് ഷാനിമോള്‍ ഈ ആവശ്യം ഉന്നയിച്ചത്. 
 
ആരുടെയും പ്രേരണ കൊണ്ടല്ല കത്തയച്ചത്. ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചവര്‍ അത് തെളിയിക്കണം. ഇല്ലെങ്കില്‍ തിരുത്തണമെന്നും ഷാനിമോള്‍ ഉപസമിതിയോട് ആവശ്യപ്പെട്ടു. 
 
എംഎം ഹസന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഷാനിമോള്‍ ഉസ്മാന്റെ പരാതി അന്വേഷിക്കുന്നത്. കെപിസിസി പ്രസിഡന്റിനെ വിമര്‍ശിച്ച് ഷാനിമോള്‍ ഉസ്മാന്‍ കത്തെഴുതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ?, കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെ എന്നീ വിഷയങ്ങളാണ് സമിതി മുമ്പാകെ അന്വേഷണത്തിനുള്ള വിഷയങ്ങള്‍. 

വെബ്ദുനിയ വായിക്കുക