എല്ലാ കോണ്‍ഗ്രസുകാരെയും പോലെ കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വേ ബജറ്റിനെതിരേ വിമര്‍ശനവുമായെത്തിയതാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പതിവ് പോലെ പുതിയ പോസ്റ്റും ജനപ്രിയമാക്കി. എങ്ങനെയെന്ന് ചോദിച്ചാല്‍ ന്യൂജനറേഷന്‍ ഭാഷയില്‍ ‘ഫേസ്ബുക്കികള്‍ കൊന്നു കൊല വിളിച്ചു‘വെന്ന് തന്നെ പറയാം. അത്രയ്ക്ക് വിമര്‍ശനവും ആക്ഷേപവുമാണ് കമന്റുകളായി സുധീരന്റെ വാളില്‍ കുമിഞ്ഞു കൂടിയത്. മണിക്കൂറുകള്‍ക്കകം കമന്റുകളുടെ എണ്ണം 500 കടന്നു. ആരും സുധീരന് അനുകൂലമായി കമന്റ് ചെയ്തിട്ടില്ലായെന്നതാണ് ഏറ്റവും രസകരമായ വസ്തുത.
“കേരളത്തോടുള്ള ക്രൂരമായ അവഗണനയും കടുത്ത അനീതിയുമാണ് റെയില്‍വേ ബജറ്റില്‍ പ്രതിഫലിക്കുന്നത്. ഏറ്റവും കൂടുതല്‍ ദീര്‍ഘദൂരതീവണ്ടിയാത്രക്കാരുള്ള കേരളത്തിന്റെ ആവശ്യങ്ങളെ അപ്പാടെ ബജറ്റില്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. കേരളത്തോടുള്ള ഒരുതരം പ്രതികാരമനോഭാവമാണ് ഈ ബജറ്റില്‍ നിഴലിക്കുന്നത്. ഇതിനെതിരായി കേരളീയര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.“
ഇതില്‍ ഏറ്റവും രസകരമായ കാര്യം സുധീരനെ പിന്തുണച്ച് ഒരു കോണ്‍ഗ്രസുകാരന്‍ പോലും രംഗത്തെത്തിയിട്ടില്ല എന്നതാണ്. 1300-ല്‍ പരം ലൈക്കുകളും 180-ല്‍ അധികം ഷെയറുകളുമുള്ള പോസ്റ്റില്‍ സുധീരനെ അനുകൂലിച്ച് ആരും കമന്റ് ചെയ്തിട്ടില്ല. ഈ വിമര്‍ശന ശരങ്ങള്‍ക്ക് പിന്നിലും എതിര്‍ഗ്രൂപ്പുകാരാണോയെന്നാണ് ചില സുധീര ഭക്തരുടെ ആത്മഗതം.