സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ശനി, 20 ഓഗസ്റ്റ് 2016 (14:10 IST)
പത്തനംതിട്ട നഗരസഭാദ്ധ്യക്ഷ രജനി പ്രദീപിന്‍റെ മകന്‍ ആരോമല്‍ പ്രദീപ് (20) അച്ചന്‍കോവില്‍ ആറ്റില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് സുഹൃത്തുക്കളൊത്ത് അടൂരിലുള്ള വേലന്‍കടവില്‍ കുളിക്കാനിറങ്ങവേയാണു ദുരന്തം ഉണ്ടായത്.
 
കാനഡയില്‍ ഹോട്ടല്‍ മാനേജ്‍മെന്‍റിനു പഠിക്കുന്ന ആരോമല്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണു നാട്ടിലെത്തിയത്. ആരോമലിനൊപ്പം സുഹൃത്തുക്കളായ കുമ്പഴ സ്വദേശി ജിന്‍സി, കരിമ്പനാക്കുഴി സ്വദേശി അലന്‍ എന്നിവരും കുളിക്കാനെത്തിയിരുന്നു. 
 
എന്നാല്‍ സുഹൃത്തുക്കള്‍ ശക്തമായ ഒഴുക്കില്‍ പെട്ടപ്പോള്‍ അവരെ രക്ഷിക്കുന്നതിനായി നദിയില്‍ പാകിയിരുന്ന മണല്‍ചാക്കില്‍ കയറിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ മുങ്ങിത്താഴുകയാണ് ഉണ്ടായത്. കടവില്‍ ഉണ്ടായിരുന്ന മണല്‍ തൊഴിലാളികള്‍ ആരോമലിന്‍റെ സുഹൃത്തുക്കളെ രക്ഷിച്ചെങ്കിലും ആരോമല്‍ മുങ്ങിത്താഴുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണു ആരോമലിന്‍റെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക