അധ്യാപകന്റെ മോശം പരാമര്‍ശം; ഫാറൂഖ് കോളേജിലേക്ക് വിദ്യാര്‍ത്ഥികളുടെ ‘വത്തക്ക’ മാര്‍ച്ച്

ചൊവ്വ, 20 മാര്‍ച്ച് 2018 (08:31 IST)
വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണാ രീതിയെ പരിഹസിച്ച് അധ്യാപകന്‍ നടത്തിയ പ്രസംഗത്തിനെതിരെ വത്തക്ക മാര്‍ച്ച് നടത്തി വിദ്യാര്‍ത്ഥികള്‍. ഹോളി ആഘോഷിച്ചതിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതിഷേധവുമായിട്ടാണ് ഫാറൂഖ് കോളെജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
 
എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി. എന്നിവരാണ് സമരം നടത്തിയത്. വസ്ത്രധാരണരീതിയെ പരിഹസിച്ച ഫാറൂഖ് ട്രെയിനിങ് കോളേജിലെ അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് സംഘടനകളുടെ ആവശ്യം.
 
ഒരു മതപ്രസംഗത്തിനിടെ, താന്‍ ഫാറൂഖ് കോളേജിലെ അധ്യാപകനാണെന്നും പെണ്‍കുട്ടികളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ചും മുസ്ലിം പെണ്‍കുട്ടികള്‍ ഷാള്‍കൊണ്ട് മാറിടം മറയ്ക്കാതെ പ്രദര്‍ശിപ്പിച്ച് നടക്കുകയാണെന്നും ആയിരുന്നു അധ്യാപകന്‍ പറഞ്ഞത്. ഇതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍