ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണസമിതി പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. എല്‍ഡിഎഫും കര്‍ഷകസംഘവും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്. വാഹനങ്ങളൊന്നും തന്നെ ഓടുന്നില്ല. കടകള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. ആവശ്യസാധനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1993 ലെ പ്രത്യേക ചട്ടപ്രകാരം പട്ടയം നല്‍കിയ ഭൂമി എല്ലാം റിസര്‍വ്വ് വനത്തിന്റെ സ്റ്റാറ്റസില്‍ പെടുന്നതാണെന്നു കാണിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കോടതിയില്‍ നല്‍കിയ സത്യവാങ്ങ് മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
കഴിഞ്ഞ 25ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1993ലെ പ്രത്യേക ഘട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയെല്ലാം വനഭൂമിയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പട്ടയഭൂമിയില്‍ പാറഖനനം നടക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിലാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്.