അവയവദാന പരാമർശം; ശ്രീനിവാസൻ പറഞ്ഞത് അറിവില്ലായ്മ കൊണ്ടെന്ന് ഇന്നസെന്റ്

വ്യാഴം, 20 ഒക്‌ടോബര്‍ 2016 (12:23 IST)
അവയവദാനത്തെ കുറിച്ച് തന്റെ സുഹൃത്ത് നടത്തിയ പരാമർശം അറിവില്ലായ്മ കൊണ്ടെന്ന് ഇന്നസെന്റ് എം പി. അദ്ദേഹം പിന്നീട് ആ പ്രസ്താവന തിരുത്തിയിരുന്നു. അവയവങ്ങൾ മാറ്റി വച്ചു കഴിഞ്ഞാൽ ജീവിതമില്ല എന്നു പറയുന്നത് തെറ്റാണ്. അവയവദാനത്തിന് ശേഷവും പലരും സാധാരണ ജീവിതം നയിക്കുന്നുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. അവയവദാനത്തിന് വിധേയമായവരുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
രോഗം വരുമ്പോൾ മരുന്നിനേക്കാൾ ഫലം ചെയ്യുന്നത് മനസാന്നിധ്യമാണ്. മനസിനു ധൈര്യമുണ്ടെങ്കിൽ മാത്രമേ ഏത് മരുന്നും ഫലം ചെയ്യൂ. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം തന്റെ ജീവിതം തന്നെയാണ്. ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് തനിക്ക് കാൻസർ ഉണ്ടെന്ന കാര്യമറിയുന്നത്. കേട്ടപ്പോൾ ആദ്യം വിഷമിച്ചെങ്കിലും പിന്നീട് മനോധൈര്യത്തോടെ മരുന്ന് കഴിച്ച് മുന്നോട്ടു പോവുകയാണെന്നും ഇന്നസെന്റ് പറഞ്ഞു. 
 
ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിന് വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നും ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് ശ്രീനിവാസന്‍ എന്നാല്‍, ഇതിന് മറുപടിയുമായി ഹൃദയം മാറ്റിവെക്കപ്പെട്ട ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ രംഗത്തെത്തിയതോടെയാണ് ശ്രീനിവാസന്‍ തന്റെ പ്രസ്താവന തിരുത്തി ഖേദപ്രകടനം നടത്തിയത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക