നടന്നത് പട്ടിക തയ്യാറാക്കിയുള്ള കൊലപാതകം, കേരളത്തിൽ ഇതാദ്യം: പോലീസ്

വെള്ളി, 29 ഏപ്രില്‍ 2022 (14:36 IST)
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി പോലീസ്. എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തുന്നത് കേരളത്തിലെ ആദ്യ സംഭവമാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.ആദ്യം അറസ്റ്റ് ചെയ്ത നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പുതിയ വിവരങ്ങളുള്ളത്.
 
ശ്രീനിവാസനെ കൊലപ്പെടുത്താനാ‌യി മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ഗൂഡാലോചനയിൽ നാൽപതോളം പേർ പ്രതികളായിട്ടുണ്ടാകും എന്നാണ് പോലീസ് വ്യക്തമാക്കു‌ന്നത്.മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയിലും ആയുധങ്ങൾ പ്രതികൾക്ക് നൽകുന്നതിലും സഹായിയായി പ്രവർത്തിച്ചു.ആയുധങ്ങൾ എത്തിച്ച് നൽകിയത് സഹദ് ആണ്. മുഹമ്മദ് റിസ്വാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവുകൾ നശിപ്പിച്ചു.
 
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ 16 പ്രതികളുണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. പിന്നീട് 20 ആകാമെന്നും ഇപ്പോൾ 40 ആകാമെന്നും പോലീസ് പറയുന്നു.ബൈക്കിലെത്തിയ ആറ് പേരും കാറിലെത്തിയ നാല് പേരും കൂടാതെ മുപ്പതോളം പേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് പോലീസിന്‍റെ നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍