ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ ഉത്തരവാദികള്‍ വി എം സുധീരനും കൂട്ടരും: ശ്രീകുമാരന്‍ തമ്പി

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (11:44 IST)
താന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതിനു കാരണക്കാര്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനും കോണ്‍ഗ്രസ് നേതാവ് എം എം ഹസനും കെ പി മോഹനനുമായിരിക്കുമെന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സമകാലിക മലയാളം വാരികയില്‍ കെ ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി സുധീരനെഴുതിയ കത്തിനെക്കുറിച്ച് പറയുന്നത്. കത്തിലെ വിശദാംശങ്ങള്‍..
 
ജയ്ഹിന്ദ് ടിവിയില്‍ ശ്രീകുമാരന്‍ തമ്പിയുടെ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനായുണ്ടാക്കിയ കാരാര്‍ അനുസരിച്ച് 26,96,640 രൂപയാണ് തമ്പിക്ക് ടി‌വിക്കാര്‍ നല്‍കാനുള്ളത്. ഇക്കാര്യം സൂചിപ്പിച്ച് നിരവധി തവണ അദ്ദേഹം വി എം സുധീരന്‍ കത്തയച്ചിരുന്നെന്നും എന്നാല്‍ ഒരു കത്തിനു പോലും മറുപടി തരാനുള്ള മര്യാദ സുധീരന്‍ കാണിച്ചില്ലെന്നും തമ്പി തന്റെ കത്തില്‍ പറയുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് താന്‍ ഈ പരമ്പര നിര്‍മ്മിച്ചതെന്നും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇക്കാര്യവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
 
അറിഞ്ഞോ അറിയാതേയോ താന്‍ ആര്‍ക്കും ഒരു ദ്രോഹവും ഇന്നുവരെ ചെയ്തിട്ടില്ല. എന്നാല്‍ ഇന്ന് തനിക്ക് പണം കടം തന്നവര്‍ തന്നെ കോടതികയറ്റുമെന്ന ഭീഷണിയുമായാണ് വീട്ടിലെത്തുന്നത്. തനിക്ക് കോടതിയില്‍ കയറേണ്ട അവസ്ഥ വന്നാല്‍ ആ നിമിഷം താന്‍ ആത്മഹത്യ ചെയ്യുമെന്നും തന്റെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വി.എം സുധീരന്‍, എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കായിരിക്കുമെന്നു പറഞ്ഞുകൊണ്ടാണ് ശ്രീകുമാരന്‍ തമ്പിയുടെ കത്ത് അവസാനിക്കുന്നത്. കത്തില്‍ പറയുന്നുണ്ട്.  
Next Article