‘ആര്‍എസ്എസിന്റെ പട്ടികയോ, എനിക്കറിയില്ല; മോഹന്‍ലാലിനെ തള്ളി ശ്രീധരൻ പിള്ള
വെള്ളി, 8 ഫെബ്രുവരി 2019 (17:09 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. മോഹൻലാലിന്റെ മത്സര സാധ്യതയെക്കുറിച്ച് തീരുമാനം ഒന്നുമായിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ മത്സരരംഗത്ത് എത്തിക്കാന്‍ ആര്‍എസ്എസ് പട്ടിക തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടും ശ്രീധരൻ പിള്ള തള്ളിക്കളഞ്ഞു. അങ്ങനെയൊരു പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസുമായും എസ്എൻഡിപിയുമായും തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്യങ്ങൾ സംസാരിച്ചു. ബിജെപിയെ ഉൾക്കൊള്ളാൻ ജാതിമത ശക്തികൾ തയ്യാറാണ്. മത്സരരംഗത്തേക്ക് പുതുമുഖങ്ങൾ കടന്നുവരണമെന്നാണ് ബിജെപിയുടെ നിലപാടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപി നേതാവ് പികെ കൃഷ്‌ണദാസ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നറിയിച്ച് ബിജെപി ഇതുവരെ മോഹന്‍ലാലുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.