സ്പോര്‍ട്സ് സൈക്കിളുകള്‍ മോഷ്ടിക്കുന്നതില്‍ കമ്പമുള്ള രണ്ട് കുട്ടികളെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി. പ്ലസ് ടുവിനു പഠിക്കുന്ന വൈറ്റില പൂണിത്തുറ കൊച്ചുപറമ്പില്‍ ടോണി മാത്യു എന്ന 18 കാരനും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയുമാണു പൊലീസ് വലയിലായത്.
വിലയേറിയ സ്പോര്‍ട്സ് സൈക്കിളുകള്‍ക്കൊപ്പം ബൈക്കും സ്കൂട്ടറും ഇവര്‍ മോഷ്ടിച്ചതായി സമ്മതിച്ചു. കഴിഞ്ഞ ദിവസം പാലാരിവട്ടം ജംഗ്ഷനില്‍ പൊലീസിനും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഇവര്‍ കുടുങ്ങിയത്. മോഷ്ടിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ വരുന്ന കുട്ടികളെ കണ്ട പൊലീസ് സംശയത്താല്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴായിരുന്നു മോഷണങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.
രാത്രി സമയം വീടുകളുടെ പോര്‍ച്ചുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്പോര്‍ട്സ് സൈക്കിളുകള്‍ ടോണി എടുത്തു മതിലിനു മുകളിലൂടെ കൂട്ടാളിക്കു നല്‍കും. പിന്നീട് ഇത് ഇരുവരും ചേര്‍ന്ന് ചവിട്ടിക്കൊണ്ടുപോവുകയും ചെയ്യും. മോഷ്ടിച്ച വിലയേറിയ 8 സ്പോര്‍ട്സ് സൈക്കിളുകളും സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ വീടുകളിലായിരുന്നു ഇവര്‍ സൂക്ഷിച്ചിരുന്നത്.
ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഏവിയേറ്റര്‍ സ്കൂട്ടറും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ടോനിയെ റിമാന്‍ഡ് ചെയ്തു. കൂട്ടാളിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലാക്കി.