ഇനിയും തൊടുന്യായങ്ങൾ നിരത്തി അധികാരത്തിൽ തുടരാതെ മുഖ്യമന്ത്രിയും ആര്യാടനും രാജിവെക്കണമെന്ന് വി എസ്

വ്യാഴം, 28 ജനുവരി 2016 (15:11 IST)
സോളാര്‍ കോഴയില്‍ എഫ്ഐആര്‍ എടുത്ത് കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനിയും മന്ത്രിസഭയില്‍ കടിച്ചു തൂങ്ങാതെ എത്രയും വേഗം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

ഇപ്പോള്‍ മുഖ്യമന്ത്രി സോളാര്‍ കേസില്‍ മുഖ്യപ്രതിസ്ഥാനത്ത് വന്നിരിക്കുകയാണ്. ആര്യാടന്‍, മുഖ്യമന്ത്രിയുടെ കൂട്ടുപ്രതിയുമാണ്. കെ എം മാണിയും കെ ബാബുവും രാജിവെക്കാനുണ്ടായ സമാന സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇനിയും തൊടുന്യായങ്ങൾ പറയാതെ മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദും ഉടൻ രാജിവെക്കണം. ഇനിയും ഇവർ അധികാരത്തിൽ തുടരുന്നത് ജനാധിപത്യ കേരളം അംഗീകരിക്കില്ല എന്നും വി എസ് വ്യക്തമാക്കി.

സോളാര്‍ കേസില്‍ സരിത, നാട്ടുകാരെ തട്ടിച്ച് ലക്ഷങ്ങള്‍ കൈവശപ്പെടുത്തി എന്ന ആരോപണമായിരുന്നു ആദ്യം ഉയര്‍ന്നു വന്നത്. ഇപ്പോള്‍ നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി, തട്ടിപ്പുകാരിയായ സരിതയെ തട്ടിച്ച് കോടികള്‍ വാങ്ങി എന്നുള്ള സ്ഥിതിയാണ് വന്നിരിക്കുന്നത്. ചെറിയ പോക്കറ്റടിക്കാരിയുടെ പോക്കറ്റ് വലിയ പോക്കറ്റടിക്കാരന്‍ അടിച്ചുമാറ്റിയെന്ന് പറയുന്നതുപോലെയാണ്  ഉമ്മന്‍ചാണ്ടി കാശ് അടിച്ചെടുത്തിരിക്കുന്നതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക