സോളാര്‍ കമ്മീഷന്‍; മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളം: വിഎസ് അച്യുതാനന്ദന്‍

ചൊവ്വ, 26 ജനുവരി 2016 (13:20 IST)
സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി പച്ചക്കള്ളമെന്ന് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍സ്ഥാപനമായ 'അനര്‍ട്ടി'ല്‍ നിന്നും ലക്ഷക്കണക്കിനു രൂപയാണ് സോളാറിന് സബ്‌സിഡി നല്‍കിയിട്ടുള്ളത്. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊന്നും മുഖ്യമന്ത്രിക്ക് കൃത്യമായ മറപടി നല്‍കാന്‍ സാധിക്കുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

ശ്രീധരന്‍ നായരെ കണ്ടെന്നുവരെ മുഖ്യമന്ത്രി സമ്മതിച്ചു. ഇനി ബാക്കി കൂടി സമ്മതിക്കുമോ ഇല്ലയോ എന്നുകൂടി അറിയണം. സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതിനുമുമ്പ് പറഞ്ഞതു മാത്രമേ ഇപ്രാവശ്യവും പറഞ്ഞിട്ടുള്ളൂ.
അദ്ദേഹത്തിനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ അദ്ദേഹം നിഷേധിച്ചിരുന്നതാണ്. എന്തായാലും യാഥാര്‍ഥ്യങ്ങളെല്ലാം പകല്‍വെളിച്ചം പോലെ ജനങ്ങള്‍ക്കറിയാം. വിഎസ് കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി പറഞ്ഞ മൊഴി സോളാര്‍ കമ്മീഷന്‍ വിശ്വസിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം. കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഫോണ്‍ സംഭാഷണങ്ങളും മറ്റു സുപ്രധാന തെളിവുകളും വരെ നശിപ്പിച്ച തന്ത്രമാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ഇത്തരം നിലപാട് കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്ന് സിപിഎം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക