സോളാര്‍ ഗൂഡാലോചനയ്ക്ക് പിന്നിലാരെന്ന് വ്യക്തമാക്കണമെന്ന് വി എസ്

വെള്ളി, 4 ഡിസം‌ബര്‍ 2015 (15:18 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്‌ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൂഡാലോചനയാണെന്ന പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഗൂഡാലോചന നടന്നെന്ന് ഉറപ്പുണ്ടെങ്കില്‍ തുറന്നു പറയാന്‍ മന്ത്രി തയ്യാറാകണമെന്ന് വി എസ് ആവശ്യപ്പെട്ടു.
 
സഭയില്‍ സബ്‌മിഷന്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു വി എസിന്റെ ഈ ആവശ്യം. സഭയിലെ അംഗങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് പ്രസ്താവന. ആരാണ് ഗൂഡാലോചന നടത്തിയതെന്ന് തുറന്നു പറയാന്‍ എന്താണ് മന്ത്രിക്ക് ഇത്ര ഭയം? തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ എന്ന് വയ്ക്കണമെന്നും വി എസ് പറഞ്ഞു.
 
കഴിഞ്ഞദിവസം, സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാര്‍ക്ക് സരിത എസ് നായരുമായി ലൈംഗികബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്‌ണന്‍ സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്കിയിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന ഷിബു ബേബി ജോണ്‍, ഈ ആരോപണം ഗൂഡാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞിരുന്നു.
 
ഇതിനെ തുടര്‍ന്ന് ആയിരുന്നു പ്രതിപക്ഷനേതാവ് സഭയില്‍ ഇന്ന് ഇങ്ങനെ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക