സോഷ്യൽ മീഡിയ വഴി തുടങ്ങുന്ന ബന്ധങ്ങളും അതിലൂടെ ചതിക്കപ്പെടുന്നവരുടെയും വാർത്തകൾ കൂടിവരികയാണ്. മിസ്‌ഡകോളില്‍ തുടങ്ങുന്ന പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി സംസ്‌ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ സോഷ്യൽ മീഡിയ വഴിയും മിസ്ഡ് കോൾ പ്രണയം വഴിയും ഇറങ്ങിപോയത് 575 വീട്ടമ്മമാരാണ്.
മാര്‍ ഇവാനിയോസ് കോളേജില്‍ വനിതാ കമ്മീഷനും കോളേജ് വിമന്‍സ് ഗ്രീവന്‍സ് റിഡ്രസ്സല്‍ സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച ലിംഗസമത്വവും സൈബര്‍ നിയമ ബോധവല്‍ക്കരണവും എന്ന സെമിനാര്‍ ഉദ്‌ഘാനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലൂടെ വഞ്ചിതരാകുന്നത് വീട്ടമ്മമാരും യുവാക്കളുമാണ് എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന് അദ്ദേഹം അറിയിച്ചു. രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റാണ് 575 എന്നും രജിസ്റ്റർ ചെയ്യപ്പെടാത്ത കണക്കുകൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.
വീട്ടമ്മമാരും യുവാക്കളുമാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ നമ്മുടെ നാട്ടില്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ കബളിക്കപ്പെടുന്നത് വീട്ടമ്മമാരാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പരിപാടിയിൽ പങ്കെടുത്ത വനിത കമ്മീഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡാര്‍ലിന്‍ ഡൊണാള്‍ഡ് പറഞ്ഞു.