സന്തോഷ് മാധവന് ഭൂമി തിരിച്ച് നൽകാനുള്ള ഉത്തരവ് വിവാദത്തെതുടർന്ന് പിൻവലിച്ചു; എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് ടി എൻ പ്രതാപൻ

ബുധന്‍, 23 മാര്‍ച്ച് 2016 (18:53 IST)
മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദ സ്വാമി സന്തോഷ് മാധവന് തിരികെ ന‌ൽകുമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. മിച്ച ഭൂമി വിവാദ സ്വാമി സന്തോഷ് മാധവനു തിരികെ നൽകുമെന്ന് ഉത്തരവിറക്കി വിവാദമായതിനെതുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. 
 
എറണാകുളം ജില്ലയിലെ പറവൂർ, പുത്തൻവേലിക്കര, തൃശ്ശൂരിലെ മാള എന്നിവടങ്ങ‌ളിലായി ഏറ്റെടുത്ത 118 ഏക്കർ ഭൂമിയാണ്സന്തോഷ് മാധന്റെ കമ്പനിയായ ആർ എം ഇ ഇസഡിന് സർക്കാർ തിരിച്ചു നൽകിയത്. സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആർ എം ഇ ഇസഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞ രണ്ടാം തിയതി, അതായത് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതിന്റെ മുമ്പുള്ള ദിവസം ഇറങ്ങിയ റവന്യൂ വകുപ്പിന്റെ ഉത്തരവിലാണ് അട്ടിമറി നടന്നത്.
 
ഭൂമി തിരിച്ച് നൽകികൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വി എസ്  അച്യുതാനന്ദനും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രംഗത്ത് വന്നിരുന്നു. കൊടും കുറ്റവാളിയായ സന്തോഷ് മാധവന് ഭൂമി തിരികെ നൽകിയ ഉമ്മൻചാണ്ടി, കേരളത്തിലെ സ്ത്രീകളേയും കുട്ടികളേയും ഒറ്റുകൊടുക്കുകയാണ് ചെയ്തതെന്നും വി എസ് പറഞ്ഞിരുന്നു.
 
ശക്തമായ എതിർപ്പിനെതുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. എങ്കിൽ കൂടി ആലോചിക്കാതെ പെട്ടന്നുണ്ടായ ക്യാബിനറ്റ് മീറ്റിംഗിൽ എടുത്ത ഭൂമി തിരികെ നൽകണമെന്ന ഉത്തരവ് ഇനിയും ചർച്ചയിൽ വന്നേക്കുമെന്നാണ് നിലപാട്. ക്രിമിനൽ ചുറ്റുപാടുള്ള സന്തോഷ് മാധവന് എന്തുകൊണ്ടാണ് ഭൂമി തിരിച്ചു നൽകാൻ ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക