തിരുവനന്തപുരത്ത് ഒരു കോടിയുടെ സ്വർണ്ണം പിടിച്ചു

എ കെ ജെ അയ്യർ

വ്യാഴം, 4 ജൂലൈ 2024 (10:26 IST)
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ  വന്നിറങ്ങിയ വിമാനത്തിൽ അനധികൃതമായി ഒളിച്ചു വച്ചിരുന്ന ഒരു കോടി വിലവരുന്ന സ്വർണ്ണം പിടികൂടി. കഴിഞ്ഞ ദിവസം വെളുപ്പിനു ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യാ എക്പ്രസ് എയർലൈൻസിൻ്റെ സീറ്റിനടിയിലായി ഒളിപ്പിച്ചിരുന്ന സ്വർണ്ണമാണ് പിടിച്ചത്.
 
ഒരു കിലോ 300 ഗ്രാം വരുന്ന സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കവറിൽ പൊതിഞ്ഞു സീറ്റിനടിയിൽ ഒട്ടിച്ചു വച്ചാണ് കടത്തിൽ ശ്രമിച്ചത്. യാത്രക്കാരൻ സ്വർണ്ണം ഒളിച്ചു കടത്താൻ ശ്രമിക്കുന്നു എന്ന രഹസ്യ വിവരം  ലഭിച്ചതിനെ തുടർന്നാണ് അധികൃതർ വിമാനം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് വിഭാഗവും എയർ കസ്റ്റംസും ചേർന്നാണ് സ്വർണ്ണം കണ്ടെത്തി പിടിച്ചെടുത്തത്. 
 
വിമാനം വന്നിറങ്ങിയ ഉടൻ തന്നെ യാത്രക്കാരെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്നാണ് യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിൽ പരിശോധന നടത്തിയത്. വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ വിവരങ്ങൾ വച്ച് വിശദ അന്വേഷണം നടത്തിനാണ് അധികാരികൾ ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍