സ്മാര്‍ട് സിറ്റി പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കിയെന്ന് പിണറായി വിജയന്‍

ഞായര്‍, 21 ഫെബ്രുവരി 2016 (17:12 IST)
പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി സ്മാര്‍ട് സിറ്റിയെ മാറ്റിയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്‌ബുക്ക് പോസ്റ്റിലാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐ ടി രംഗത്ത് വൈദഗ്‌ധ്യമുള്ള മലയാളി യുവാക്കള്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു പോയി തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ് ഈ തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു.
 
ഐ ടി കമ്പനികള്‍ക്കാണ് സ്മാർട്ട്​ സിറ്റിയില്‍ പ്രാമുഖ്യം നല്‍കേണ്ടത്. തൊഴിലവസരവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് ഉറപ്പാക്കേണ്ടത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ അതിനല്ല തയ്യാറാകുന്നതെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
 
പിണറായി വിജയന്റെ ഫേസ്​ബുക്ക്​ പോസ്​റ്റി​ന്റെ പൂർണ രൂപം:
 
‘കൊച്ചി സ്മാർട് സിറ്റി ഐ ടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്നപദ്ധതി എന്നതിൽ നിന്ന് പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചനയാണ്. ഐ ടി രംഗത്ത് വൈദഗ്ധ്യമുള്ള പതിനായിരക്കണക്കിന് മലയാളി യുവജനങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു പോയി തൊഴിലെടുക്കാൻ നിർബന്ധിതരാകുമ്പോഴാണ് ഇവിടെ ഈ തട്ടിപ്പ്. സ്മാർട് സിറ്റിയിൽ പ്രാമുഖ്യം ഐ ടി കമ്പനികൾക്കാണ് നൽകേണ്ടത്. തൊഴിലവസരവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് ഉറപ്പാക്കേണ്ടത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ അതിനല്ല തയാറാകുന്നത് എന്ന്ശനിയാഴ്ച ആദ്യകെട്ടിടം ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തമാകുന്നു, ആറരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പുതിയ ഒരു ഐടി സംരംഭം പോലുമില്ല. അന്താരാഷ്‌ട്രനിലവാരമുള്ള കമ്പനികളുമില്ല. സ്മാര്‍ട്ട്സിറ്റിയിലേക്ക് അന്താരാഷ്ട്ര ഐടി കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്ന് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം അട്ടിമറിച്ചു. എല്‍ഡിഎഫ് ഐ ടി മേഖലയിൽ നടത്തിയ മാതൃകാപരമായ ഇടപെടലിൽ നിന്നുള്ള തിരിച്ചു പോക്കാണിത്. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സ്മാര്‍ട്ട്സിറ്റിയും ഇന്‍ഫോപാര്‍ക്കും ആരംഭിച്ചതും ഇടതുപക്ഷ സര്‍ക്കാരാണ്. അവയിലെ തൊഴിലവസരങ്ങളും സാധ്യതകളും തുടര്‍ന്നുഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു.
 
സർക്കാരിന്റെ കാലാവധി തീരുംമുമ്പ് ഉൽഘാടന മാമാങ്കം നടത്തി മേനി നടിക്കാനുള്ള വ്യഗ്രത മനസ്സിലാക്കാം. അത് ജനങ്ങളെയാകെ വഞ്ചിച്ചു കൊണ്ടാകുന്നു എന്നതാണ് ഇവിടത്തെ പ്രശ്നം. നമ്മുടെ യുവ സമൂഹത്തിന്റെ പ്രത്യാശകളും അവകാശങ്ങളും ചവിട്ടിമെതിച്ച് . അതാണ് ഐടി വികസനം എന്ന് കൊട്ടിഘോഷിക്കുന്ന സർക്കാരിന്റെ കപടുഖമാണ് സ്മാർട് സിറ്റിയുടെ പേരിൽ നടക്കുന്ന ആഘോഷത്തിൽ തെളിഞ്ഞു കാണുന്നത്.’

വെബ്ദുനിയ വായിക്കുക