ഇത് സിപിഎം തയ്യാറാക്കിയ തിരക്കഥ, കീഴടങ്ങിയവർ “ഡമ്മി പ്രതികൾ” - കെ സുധാകരൻ
ഞായര്‍, 18 ഫെബ്രുവരി 2018 (11:51 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ കീഴടങ്ങിയ പ്രതികൾ യഥാർത്ഥ പ്രതികളാണെന്ന് എന്ത് ഉറപ്പുണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരൻ.
കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവർ യഥാർഥ പ്രതികളാണോയെന്ന് സംശയമുണ്ട്. സിപിഎം പ്രാദേശിക നേതൃത്വം തയാറാക്കിയ തിരക്കഥയാണിതെന്നും സുധാകരന്‍ വ്യക്തമാക്കി.
സിപിഎം നൽകുന്ന ഡമ്മി പ്രതികളെ കണ്ടെത്താനായാണ് പൊലീസ് ആറു ദിവസം കാത്തുനിന്നത്. വധശ്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി ജയരാജൻ മറുപടി പറയണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെയോടെ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.
കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കീഴടങ്ങിയ ആകാശിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസമായി ശക്തമായ തിരച്ചില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലീസിനെ വെട്ടിച്ച് ആകാശ് കടന്നുകളഞ്ഞിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ശനിയാഴ്‌ച ആറുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ കണ്ണൂർ ജില്ലാ പൊലീസ് ചീഫ് ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍
ചോദ്യം ചെയ്തു വരികയാണ്.