മോദി ഭക്‍തരായ പൊലീസുകാരെ ഉപയോഗിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കും, കോടിയേരിയെ തെക്കോട്ട് എടുക്കാന്‍ സമയമായി: വിവാദ പ്രസംഗവുമായി ശോഭ സുരേന്ദ്രന്‍
ബുധന്‍, 9 ഓഗസ്റ്റ് 2017 (20:00 IST)
പ്രകോപന പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രൻ വീണ്ടും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ട് എടുക്കാന്‍ സമയമായെന്നാണ് കോട്ടയം പൊൻകുന്നത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ ശോഭ പറഞ്ഞത്.
കോടിയേരി ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണം. ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്യേട്ടനല്ല. കോടിയേരിക്ക് കേരളത്തിൽ മാത്രം സഞ്ചരിച്ചാൽ മതിയോ എന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ പോകേണ്ടി വരില്ലെ എന്നും ശോഭ പ്രസംഗത്തിൽ ചോദിച്ചു.
മോദി ഭക്തരായ ആര്‍എസ്എസ് പരിശീലനം ലഭിച്ച നിരവധി പേര്‍ സംസ്ഥാന പൊലീസ് സേനയിലുണ്ട്. അവരെ ഉപയോഗിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുമെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ ഉദ്ദാഹരണമാക്കി ശോഭ വ്യക്തമാക്കി.
ആർഎസ്എസിൽ നിന്നും സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയെ നായയോടായിരുന്നു ശോഭ ഉപമിച്ചത്. സുധീഷിന്‍റെ പേര് നായ്ക്കൾക്ക് ഇടണമെന്നായിരുന്നു അവരുടെ ആഹ്വാനം.