കാശിന് ആര്‍ത്തിയില്ലാത്ത വൈദ്യന്മാരെ കൊണ്ട് താന്‍ ചികിത്സിപ്പിച്ചോളാമെന്ന് ഷിബു ബേബി ജോണ്‍

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (14:35 IST)
കാശിന് ആര്‍ത്തിയില്ലാത്ത വൈദ്യന്മാരെ കൊണ്ട് താന്‍ ചികിത്സിപ്പിച്ചോളാമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. കൂത്തുപറമ്പ് ഗവണ്‍മെന്റ് ഐ ടി ഐയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. സമരം  നടത്തുന്ന ഡോക്‌ടര്‍മാര്‍ക്ക് നേരെയായിരുന്നു മന്ത്രിയുടെ രൂക്ഷവിമര്‍ശനം.
 
സമരം നടത്തുന്ന ഡോക്‌ടര്‍മാര്‍ക്ക് എതിരെ എസ്മ പ്രയോഗിക്കണമെന്ന് കഴിഞ്ഞദിവസം ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ ഒന്നടങ്കം അദ്ദേഹത്തെ ബഹിഷ്കരിക്കണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടിരുന്നു.
 
കെ ജി എം ഒ എയുടെ നിലപാടിനോടുള്ള പ്രതികരണമായായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്. സര്‍ക്കാരിനോടല്ല, ജനങ്ങളോടാണ് ഡോക്‌ടര്‍മാര്‍ സമരം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഡോക്‌ടര്‍മാരുടെ സമരത്തിനെ ജനങ്ങള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക