കസേരയിലിരുന്നത് 167 ദിവസം, ഷീല പൊടിച്ചു തീര്‍ത്തത് അരക്കോടി രൂപ!

വ്യാഴം, 28 ഓഗസ്റ്റ് 2014 (13:46 IST)
ഷീലാ ദീക്ഷിതിനിപ്പോള്‍ ശനിദശയാണെന്നു തോന്നുന്നു. തൊട്ടതു പിടിച്ചതുമെല്ലം പുലിവാലാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമുതല്‍ കാണുന്നത്. കേരളത്തില്‍ ഗവര്‍ണ്ണറായപ്പൊഴും അതിനു കുറവില്ല.

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനേ പേടിച്ച്  ഗവര്‍ണ്ണര്‍ കസേരയില്‍ അമര്‍ന്നൊന്നിരിക്കുന്നതിനു മുന്നേ രാജി വയ്ക്കേണ്ടിയും വന്നിരിക്കുന്നു. രാജി വച്ചതിനു പിന്നാലെ ഷീല ദീക്ഷിത് സംസ്ഥാന ഖജനവില്‍ നിന്ന് പൊടിച്ചു തീര്‍ത്തത് അരക്കൊടിയോളം രൂപയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

രാജ്ഭവന്‍ മോടി പിടിപ്പിക്കാനും യാത്ര ചെയ്യാനും സ്വകാര്യ ചടങ്ങുകള്‍ക്കെല്ലാമായി 53 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്ഭവന്‍ മൊടി പിടിപ്പിക്കുന്നതിനായി ചെലവഴിച്ചത് 22,68,828 രൂപയാണ്. അതും നാലുമാസം കൊണ്ട്. ഗവര്‍ണ്ണര്‍ക്ക് ബന്ധുക്കളും സില്‍ബന്ധികളുമായി നാടുചുറ്റാനായിട്ടാണ് ബാക്കി തുക സംസ്ഥാനം ചെലവഴിച്ചത്.

സര്‍ക്കാര്‍ പരിപാടികളേക്കാള്‍ ഏറെ സ്വകാര്യചടങ്ങുകളില്‍ പങ്കെടുത്ത ഷീല അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കകം എറണാകുളത്തു നടത്തിയ ചടങ്ങിനു ചെലവായതു 30,693 രൂപ. മേയില്‍ തൃശൂരിലെ താമസത്തിനു ചെലവ് 20,160 രൂപ.

തേക്കടി, മൂന്നാര്‍, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ചുറ്റിയടിയും ബന്ധുക്കള്‍ സഹിതമായിരുന്നു. ഇതില്‍ പല യാത്രകള്‍ക്കും 30,000 മുതല്‍ ഒരു ലക്ഷം വരെ ചെലവഴിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ആഗസ്തില്‍ ഗവര്‍ണര്‍ ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ പൊതുഖജനാവില്‍ നിന്ന് ചെലവായത് 92,000 രൂപയാണ്.

വെബ്ദുനിയ വായിക്കുക