സുനന്ദയുടെ മരണകാരണം പൊളോണിയമല്ല: എഫ്‌ബിഐ

ബുധന്‍, 11 നവം‌ബര്‍ 2015 (08:44 IST)
മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പൊളോണിയം മൂലമല്ലെന്നു ആന്തരികാവയവ പരിശോധനാ ഫലം. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് പരിശോധന നടത്തിയത്. സുനന്ദയുടെ ആന്തരികാവയവത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്.

സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങളില്‍ കടുത്ത വിഷമായി പരിഗണിക്കപ്പെടുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യം സുനന്ദയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ വിദേശത്ത് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വിഷം ഉള്ളില്‍ചെന്നാണ് മരണമെന്ന് എഫ്ബിഐയുടെ പരിശോധനാഫലത്തില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആന്തരികാവയവ പരിശോധനാ വിദേശത്ത് നടത്താന്‍ തീരുമാനിച്ചത്. വാഷിംഗ്ടണില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഫോറന്‍സിക് ലാബിലായിരുന്നു പരിശേധന നടന്നത്. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക