ഷെഹ്‌ലയുടെ മരണം; സ്കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനം, പുതിയ പ്രിൻസിപ്പാൾ വരും

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 25 നവം‌ബര്‍ 2019 (08:09 IST)
ബത്തേരി സർവജന സ്കൂളിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ്‌ല ഷെറിനു നീതി ഉറപ്പാക്കണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ. ഷെഹ്‌ലയെ പാമ്പ് കടിച്ച ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ തീരുമാനമായി. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയുന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം തീരുമാനം ആയത്. 
 
വിദ്യാർഥിക്ക് പമ്പ് കടി ഏറ്റതിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. യുപി ക്ലാസുകൾക്ക് ഒരാഴ്ച കൂടി അവധി നീട്ടി നൽകും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പുനഃരാരംഭിക്കുന്നതായിരിക്കും. 
 
കൂടാതെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‍കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്‍മാസ്റ്ററേയും അധ്യാപകനെയും സസ്‍പെന്‍റ് ചെയ്തിരുന്നു. പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്തല്‍ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങള്‍. ഇത് കൂടാതെ കുട്ടികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍