ശീമാട്ടിയുടെ മുന്നില്‍ കവാത്ത് മറന്നു, കൊച്ചി മെട്രോയില്‍ വീണ്ടും പ്രതിസന്ധി
തിങ്കള്‍, 23 മാര്‍ച്ച് 2015 (13:06 IST)
കൊച്ചിമെട്രോയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിലായി. ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലാണ് വീണ്ടും പ്രതിസന്ധിയിലായത്. ഇന്നലെ വരെ ഭൂമി ബലമായി ഏറ്റെടുക്കുമെന്നു പറഞ്ഞ ജില്ലാ ഭരണകൂടം പൊടുന്നനെ മലക്കം മറിഞ്ഞ് ധാരണയുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാമെന്ന നിലപാടെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
2014 നവംബര്‍ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെഎംആര്‍എല്‍ പിന്‍മാറിയിരുന്നു. വസ്തു ബലമായി ഏറ്റെടുത്തു നല്‍കണമെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നിര്‍ദേശവും നല്‍കി.
എന്നാല്‍ സ്ഥലം വിട്ടുനല്‍കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ച ശേഷം നിലപാട് മാറ്റിയ ജില്ലാഭരണകൂടം കൊച്ചി മെട്രോയ്ക്കായി മാധവ ഫാര്‍മസി ജംക്ഷനിലെ ശീമാട്ടിയുടെ ഭൂമി, പരസ്പര സഹകരണത്തോടെ ഉണ്ടാക്കുന്ന കരാറില്‍ കെഎംആര്‍എല്ലും ശീമാട്ടിയും ഒപ്പുവച്ച് ഏറ്റെടുക്കുമെന്ന നിലപാടിലാണ്.
ഇക്കാര്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം വിട്ടുനല്‍കുന്നതിന് പകരമായി മെട്രോ തൂണുകളിലും ബീമുകളിലും സൌജന്യമായി പരസ്യം പതിക്കാനുള്ള അവകാശവും ബാനര്‍ജി റോഡിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക സൌകര്യവുമാണ് ശീമാട്ടി ആവശ്യപ്പെട്ടത്.