കലോത്സവ രാവുകൾക്ക് വിട; പത്താം തവണയും കലാകിരീടം കോഴിക്കോടിന്
തിങ്കള്‍, 25 ജനുവരി 2016 (18:27 IST)
ഏഴ് ദിവസം നീണ്ട 56മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കലാകിരീടം കോഴിക്കോടിന്. 919 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തിയപ്പോൾ 912 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. കണ്ണൂർ മൂന്നാം സ്ഥാനവും മലപ്പുറം നാലാം സ്ഥാനവും നേടി. ആതിഥേയരായ തിരുവനന്തപുരം ഒമ്പതാം സ്ഥാനത്താണ്.
കഴിഞ്ഞ തവണ പാലക്കാടുമായി കിരീടം പങ്കിട്ട കോഴിക്കോട് ഇത്തവണ കപ്പ് കോഴിക്കേട്ടേക്ക് തന്നെ കൊണ്ടുപോകുമെന്ന വാശിയിലായിരുന്നു. കലോൽസവം തുടങ്ങിയ ആദ്യ നാളുകളിൽ പാലക്കാടായിരുന്നു മുന്നിൽ. എന്നാൽ പിന്നീട് കോഴിക്കോട് ഇത് മറികടക്കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ തുടങ്ങിയവരും പങ്കെടുത്തു. സമാപന ചടങ്ങിൽ ചലച്ചിത്ര താരം നിവിൻപോളിയാണ് വിശിഷ്ടാതിഥി.
ജനപങ്കാളിത്തം കൊണ്ടും അപ്പീലുകൾക്കൊണ്ടും ശ്രദ്ധേയമായിരുന്നു ഇത്തവണയും കലോൽസവം. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതിഷേധങ്ങൾക്കും ജഡ്ജിനെ അയോഗ്യനാക്കുന്നതിനും 56–മത് സംസ്ഥാന കലോൽസവം വേദിയായി. വിധി നിർണയത്തിലെ അപാകതയെച്ചൊല്ലി പലതവണയാണ് കലോൽസവ വേദികൾ കലുഷിതമായത്.