ഇംഗ്ലണ്ടിലെ ക്രോയ്‌ഡോണിൽ നടക്കേണ്ടിയിരുന്ന ആദ്യ ഹിന്ദുമത കണ്‍വന്‍ഷനില്‍ പ്രസംഗിക്കാനായി വീസയ്ക്ക് അപേക്ഷിച്ചിരുന്ന ഹിന്ദി ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിട്ടേജ് സയന്‍സ് മേധാവി ഡോ. എൻ.ഗോപാലകൃഷ്ണനും ഒടുവിൽ ബ്രിട്ടീഷ് എംബസ്സി വിസ നൽകി. മെയ് രണ്ടിന് ഇവര്‍ പ്രസംഗിക്കേണ്ടിയിരുന്ന പരിപാടിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ബ്രിട്ടിഷ് എംബസി ഇവരുടെ വിസ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
ജനുവരി 29 മുതൽ ആറുമാസത്തേയ്ക്കായിരുന്നു വീസ. തടഞ്ഞ് വച്ചിരുന്ന വിസ അനുവദിച്ചതൊടെ ശശികലയും ഗോപാലകൃഷണനും ലണ്ടനിലേക്ക് പോകുമെന്ന് ഉറപ്പായി. ഇരുവരും എത്താതിരുന്നതിനെത്തുടർന്ന് മാറ്റിവെയ്ക്കപ്പെട്ട കൺവെൻഷൻ പുതിയ തീയതിയിൽ നടത്താൻ ഒരുങ്ങുകയാണ് സംഘാടകർ. പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇരുവരെയും കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കുന്നതിനുള്ള കാലതാമസം കൊണ്ടാണ് വിസ തടഞ്ഞുവച്ചിരുന്നത്.
ശശികലയും ഗോപാലകൃഷ്ണനും ബ്രിട്ടനിൽ എത്തി പ്രസംഗിക്കുന്നതിനെതിരെ ചില സംഘടനകൾ ബ്രിട്ടീഷ് എംബസ്സിക്കും ഹോം ഓഫീസിനും പരാതിനൽകുകയായിരുന്നു. ഇവർ വരുന്നത് സാമുദായിക സ്പർധ വളർത്തുമെന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്. ഇരുവർക്കും വീസ നിഷേധിച്ചുവെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ, വീസ നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് എംബസ്സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. പരിശോധനകൾ പൂർത്തിയാകുംവരെ പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുക മാത്രമാണ് ഉണ്ടായത്. വീസ അനുവദിച്ചതോടെ, ശശികല ടീച്ചറും ഗോപാലകൃഷ്ണനും ഹിന്ദു മത കൺവെൻഷനായി ബ്രിട്ടനിലേക്ക് പോകും. കൺവെൻഷന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.