സരിതയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ നഗ്നനാക്കി: വിഎസ്

ബുധന്‍, 27 ജനുവരി 2016 (16:40 IST)
സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈക്കൂലി നല്‍കിയെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സരിതയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് മുന്നില്‍ നഗ്നനാക്കിയിരിക്കുകയാണ്. ആരോപണങ്ങളില്‍ ഓരോ മലയാളിയെ പോലെ താനും ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും വിഎസ് പരിഹസിച്ചു.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍നിന്നു ഗവര്‍ണര്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര അവസാനിപ്പിക്കണം. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള യാത്രയാണത്. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സരിതയെ സ്വാധീനിച്ച കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണമെന്നും വിഎസ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.90 ലക്ഷം രൂപയും ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് സരിത സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം താന്‍ ഈ പണം തിരികെ ചോദിച്ചെങ്കിലും പണം തരാന്‍ മന്ത്രി തയ്യാറായില്ലെന്നും സരിത അന്വേഷണ കമ്മീഷനോട് പറഞ്ഞു.

2011 ജൂണിലാണ് താന്‍ ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. ഗണേഷ് കുമാറിന്റെ പി എ ആണ് മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി തന്നത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ജോപ്പന്റെ നമ്പര്‍ നല്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. പദ്ധതിയുമായി മുമ്പോട്ടു പോകുന്നതിനു തടസങ്ങള്‍ നേരിട്ട സമയത്ത് ആര്യാടന്‍ മുഹമ്മദിന്റെ പി എ ആയ കേശവനെ വിളിക്കുകയും കേശവന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍, 25 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച് പി എയ്ക്ക് കൈമാറിയെന്നും സരിത കമ്മീഷനോട് പറഞ്ഞു. ബാക്കി 15 ലക്ഷം രൂപ ഒരു ചടങ്ങില്‍ വെച്ചാണ് കൈമാറിയതെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക