സരിത യുഡിഎഫിനെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു: സുധീരന്‍

ബുധന്‍, 27 ജനുവരി 2016 (14:43 IST)
ആര്യാടന്‍ മുഹമ്മദിനും മുഖ്യമന്ത്രി ഉമ്മന്‍ചാ‍ണ്ടിക്കും കൈക്കൂലി നല്‍കിയെന്നാണ് സരിത സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയതിന് തള്ളി കെപിസിസി പ്രസി‌ഡന്റ് വിഎം സുധീരൻ. സരിതയുടെ ആരോപണം യുഡിഎഫിനെ തേജോവധം ചെയ്യാൻ വേണ്ടിയുള്ളതാണ്. അവരുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ മൊഴി തെരഞ്ഞെടുപ്പ് സമയത്തെ സ്പെഷ്യൽ എന്നെ പറയാന്‍ പറ്റു. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പുതിയ പല ആരോപണങ്ങളും വരും. ഇതു കൊണ്ടൊന്നും കോൺഗ്രസിനേയോ യുഡിഎഫിനെയോ തകർക്കാമെന്ന് ആരും കരുതേണ്ട. എല്ലാ പ്രതിസന്ധികളും യുഡിഎഫ് മറികടക്കുമെന്നും സുധീരൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് 1.90 ലക്ഷം രൂപയും ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് സരിത സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം താന്‍ ഈ പണം തിരികെ ചോദിച്ചെങ്കിലും പണം തരാന്‍ മന്ത്രി തയ്യാറായില്ലെന്നും സരിത അന്വേഷണ കമ്മീഷനോട് പറഞ്ഞു.

2011 ജൂണിലാണ് താന്‍ ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. ഗണേഷ് കുമാറിന്റെ പി എ ആണ് മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി തന്നത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ജോപ്പന്റെ നമ്പര്‍ നല്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. പദ്ധതിയുമായി മുമ്പോട്ടു പോകുന്നതിനു തടസങ്ങള്‍ നേരിട്ട സമയത്ത് ആര്യാടന്‍ മുഹമ്മദിന്റെ പി എ ആയ കേശവനെ വിളിക്കുകയും കേശവന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍, 25 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച് പി എയ്ക്ക് കൈമാറിയെന്നും സരിത കമ്മീഷനോട് പറഞ്ഞു. ബാക്കി 15 ലക്ഷം രൂപ ഒരു ചടങ്ങില്‍ വെച്ചാണ് കൈമാറിയതെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക