സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി; രാഷ്‌ട്രീയക്കളിയില്‍ താല്പര്യമില്ലെന്നും കോടതി

തിങ്കള്‍, 4 ഏപ്രില്‍ 2016 (15:56 IST)
സരിത എസ് നായരുടെ വാക്കുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി.  സോളാർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സരിതയ്ക്കെതിരെ രൂക്ഷവിമര്‍ശനം നയിച്ചത്. 
 
സോളാർ തട്ടിപ്പു കേസിൽ പ്രതിയായ സരിതക്ക് എങ്ങനെയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുകയെന്നും പരാതിയുണ്ടെങ്കിൽ ശ്രീധരൻ നായർ വരട്ടെയെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ  നിരീക്ഷിച്ചു. സരിതയ്ക്ക് വിശ്വാസ്യതയില്ല, സരിതയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തെരഞ്ഞെടുപ്പ് കാലത്താണെന്നും രാഷ്‌ട്രീയക്കളിയില്‍ കോടതിക്ക് താല്പര്യമില്ലെന്നും കോടതി വ്യക്തമാക്കി.
 
കഴമ്പുള്ള ഒട്ടേറെ കേസുകളിൽ സി ബി ഐ കേസുകൾ നിലനിൽക്കുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വരുന്നത്. കോടതിയുടെ വിലയേറിയ സമയം നഷ്‌ടപ്പെടുത്തരുതെന്നും കെമാൽപാഷ ആവശ്യപ്പെട്ടു.
 
സരിതയുടെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സരിത 33 കേസിൽ പ്രതിയാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയാണെന്നും ആസഫലി വാദിച്ചു. 
 
രൂക്ഷമായി പരാമർശത്തിന് ശേഷം ഹൈകോടതി സരിതയുടെ ഹരജി തള്ളി.

വെബ്ദുനിയ വായിക്കുക