'നടി ഉദ്ഘാടനത്തിന് പോയാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷം'; മന്ത്രിയായ ശേഷം ശിവന്‍കുട്ടി ശമ്പളം വാങ്ങുന്നില്ലേയെന്ന് സന്ദീപ് വാര്യര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 ഡിസം‌ബര്‍ 2024 (13:11 IST)
നടി ഉദ്ഘാടനത്തിന് പോയാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷമെന്നും മന്ത്രിയായ ശേഷം ശിവന്‍കുട്ടി ശമ്പളം വാങ്ങുന്നില്ലേയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. കഴിഞ്ഞ ദിവസം നടി കുട്ടികളെ ഡാന്‍സ് പരിശീലിപ്പിക്കാന്‍ അഞ്ചുലക്ഷം രൂപം പ്രതിഫലമായി ചോദിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധിപേരാണ് മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. 
 
സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനം പോലെ ഏറെ പ്രയത്‌നം വേണ്ട ഒരു നൃത്തം ഒരുക്കിയെടുക്കാന്‍ നടിക്ക് ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരും. അവിടെയാണ് മന്ത്രി വലിയ തുക ചോദിച്ചതായി പറഞ്ഞ് ആ കലാകാരിയെ ആക്ഷേപിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്. അവര്‍ നേരത്തെ സംസ്ഥാന യുവജനോത്സവത്തില്‍ വിജയിയായിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്കാണ്. സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ സേവനമാണോ ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂടാ ? മന്ത്രി ആയതിനുശേഷം ശിവന്‍കുട്ടി ശമ്പളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത് ? ആശുപത്രിയില്‍ പോയി കിടക്കുമ്പോള്‍ കണ്ണടക്കും തോര്‍ത്തുമുണ്ടിനും പഴം പൊരിക്കും വരെ സര്‍ക്കാരില്‍ നിന്ന് റീ ഇമ്പേഴ്‌സ്‌മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിലയിടാന്‍ നില്‍ക്കരുത്- സന്ദീപ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍