വെള്ളപ്പൊക്കത്തില്‍ നിന്ന് തമിഴ്‌നാട് കരകയറുന്നു; ശബരിമലയില്‍ തിരക്ക് വര്‍ദ്ധിച്ചു
തിങ്കള്‍, 21 ഡിസംബര്‍ 2015 (19:15 IST)
ഇത്തവണത്തെ മണ്ഡലകാലാരംഭത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് അഭൂതപൂര്‍വമായ തിരക്ക് സന്നിധാനത്തുണ്ടായത്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തിനകത്തു നിന്നുമുള്ള ആയിരങ്ങളാണ് ദര്‍ശനത്തിനെത്തിയത്.
മഴ ഒഴിഞ്ഞു നിന്നതും സീസണ്‍ പകുതിയായതും സ്ഥിരം ശബരിമല തീര്‍ത്ഥാടകരെ ദര്‍ശനത്തിനെത്താന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. തിരക്കേറിയതോടെ ദര്‍ശന സമയം രാത്രി 11.30 വരെ നീട്ടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ആറു മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നു. വെളുപ്പിനു 3 മണിക്കാണ് ശബരീശ നട തുറക്കുന്നത്.
മരക്കൂട്ടം വരെ നീണ്ട ക്യൂവിലുള്ള മാളികപ്പുറങ്ങളും കുട്ടികളും തിരക്കില്‍ ഏറെ ബുദ്ധിമുട്ടി. വെര്‍ച്വല്‍ ക്യൂ വഴിയുള്ള തീര്‍ത്ഥാടകരുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. അതേ സമയം വിഐപി മാരുടെ പ്രത്യേകമായുള്ള ക്യൂവിലും തിരക്ക് വര്‍ദ്ധിക്കുന്നത് സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടായി മാറുന്നതായി ആരോപണമുണ്ട്.