ശബരിമല തീര്‍ഥാടനം സംബന്ധിച്ച് എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നവംബര്‍ 15 ന് ആരംഭിക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിപുലമായ ക്രമീകരണങ്ങളാണ് തീര്‍ഥാടനത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് യോഗത്തിന് ശേഷം ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് ഇക്കുറി ഔഷധ കുടിവെള്ളമാണ് (മെഡിസിനല്‍ ഡ്രിങ്കിംഗ് വാട്ടര്‍) വിതരണം ചെയ്യുന്നത്. അടുത്തവര്‍ഷത്തോടെ കുപ്പിവെള്ളം ശബരിമലയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കും. ഓക്‌സിജന്‍ പാര്‍ലറുകള്‍ വര്‍ധിപ്പിക്കും. മാളികപ്പുറങ്ങള്‍ക്കും ശാരീരിക ന്യൂനതകള്‍ ഉള്ളവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക ക്യൂ സംവിധാനം ഒരുക്കും.
നിലയ്ക്കല്‍ -ത്രിവേണിയില്‍ കെഎസ്ഇബിയുടെ സബ്‌സ്റ്റേഷന്‍ ഈ വര്‍ഷം ആരംഭിക്കും. ഒരേക്കര്‍ സ്ഥലത്ത് 33 കെവി സബ്‌സ്റ്റേഷനാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോടി രൂപ ഇതിനായി വകയിരുത്തും. അതുവരെ നിലയ്ക്കലില്‍ താത്കാലിക സംവിധാനം നടപ്പാക്കും. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കണമലപ്പാലം ഈ തീര്‍ത്ഥാടനകാലത്തിന് മുമ്പ് നിര്‍മ്മിച്ച് തുറന്നുകൊടുക്കും. പമ്പയിലെ പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമാക്കും എന്നും മന്ത്രി പറഞ്ഞു..
എരുമേലി തോട് നവീകരണത്തിനായി 2.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍-സ്‌പെന്‍സര്‍ ജംഗ്ഷന്‍-സത്രം റോഡ് ധനമന്ത്രാലയത്തില്‍ നിന്നും തുക സംബന്ധിച്ച അനുമതി ലഭ്യമായാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. മോട്ടോര്‍ വാഹന വകുപ്പ് സെയ്ഫ് സോണ്‍ പദ്ധതി ഇക്കുറിയും നടപ്പാക്കുന്നുണ്ട്. വകുപ്പിനായി കണ്‍ട്രോള്‍ റൂം നിലയ്ക്കലിലും കോര്‍ഡിനേഷന്‍ റൂം പമ്പയിലും ആരംഭിക്കാന്‍ സംവിധാനമൊരുക്കും എന്നും മന്ത്രി പറഞ്ഞു.