ശബരിമല തീര്‍ഥാടനം : ഒരുക്കങ്ങള്‍ ഊര്‍ജിതം

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (20:12 IST)
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കിയതായി റവന്യു മന്ത്രി അടൂര്‍ പ്രകാശിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്പെഷല്‍ പോലീസ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പോലീസ് റിക്രൂട്ട്മെന്‍റ് തുടങ്ങി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍റെ ഏഴു പേരടങ്ങിയ റാപ്പിഡ് റസ്പോണ്‍സ് ടീം തീര്‍ഥാടന കാലത്ത് പമ്പ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ കാല്‍നടയായി വരുന്ന വനപാതകളില്‍ ദിശാ സൂചികകള്‍ വയ്ക്കും. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള 17 ശബരിമല റോഡുകളില്‍ അറ്റകുറ്റപ്പണിക്ക് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് നടപടി സ്വീകരിച്ചതായി എന്ന് മന്ത്രി അറിയിച്ചു.
 
 പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി 65 കോടി രൂപയുടെയും എംഎല്‍എ, വില്ലേജ്, തിരുവാഭരണ പാതകളുടെ നവീകരണത്തിനായി 98.85 കോടി രൂപയുടെയും പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡിന്‍റെ ടാറിംഗിന് നടത്തും. മണ്ണാറക്കുളഞ്ഞി-പമ്പ മേഖലയില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കും -  മന്ത്രി അറിയിച്ചു.. 
 
നിലയ്ക്കല്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മരങ്ങളില്‍ നിന്നു നീക്കി ട്യൂബ് ലൈറ്റ് സ്ഥാപിക്കുന്നതിന് കെഎസ്ഇബി നടപടിയെടുക്കും. പാചകവാതകം, വെടിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സ് പ്രത്യേക മുന്‍കരുതലെടുക്കും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ പദ്ധതിയായ സേഫ്സോണ്‍ നടപ്പാക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

വെബ്ദുനിയ വായിക്കുക