ശബരിമല : മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

തിങ്കള്‍, 9 നവം‌ബര്‍ 2015 (12:45 IST)
ഇക്കൊല്ലത്തെ ശബരിമല മണ്‌ഡല - മകരവിളക്ക്‌ മഹോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഡോ എസ്‌ രമേഷ്‌ വിലയിരുത്തി. തീര്‍ത്ഥാടകര്‍ മല കയറുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകുന്നത്‌ തടയാന്‍ മുന്‍കരുതല്‍ രേഖപ്പെടുത്തിയ ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കും. പ്രധാന കേന്ദ്രങ്ങളില്‍ ആംബുലന്‍സ്‌ സേവനം ഉറപ്പാക്കിയിട്ടുണ്ട്‌.
 
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡിന്റെ പ്രവര്‍ത്തനം 15 മുതല്‍ ആരംഭിക്കും. പമ്പ മുതല്‍ സന്നിധാനം വരെ എമര്‍ജന്‍സി കെയര്‍ സെന്റുകളുടെ പ്രവര്‍ത്തനം തീര്‍ത്ഥാടന കാലത്തോടെ സുസജ്ജമാക്കും. ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ വിവിധ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ അറിയിച്ചു.
 
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന യോഗത്തില്‍ ഡി എം ഒ ഡോ.ഗ്രേസി ഇത്താക്ക്‌, ഡെപ്യൂട്ടി ഡി എം ഒ ഡോ എല്‍ അനിതകുമാരി, പ്രോഗ്രാം ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക