ശബരിമല തീര്‍ഥാടനം: കൂടുതല്‍ തീര്‍ഥാടകരെത്തിയാല്‍ സ്വീകരിക്കുന്നതിന് സജ്ജം

ശ്രീനു എസ്

ചൊവ്വ, 24 നവം‌ബര്‍ 2020 (08:30 IST)
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പുരോഗമിക്കുന്നതായും കൂടുതല്‍ തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ എത്തിയാല്‍ ദര്‍ശനമൊരുക്കുന്നതിന് പൂര്‍ണ സജ്ജമാണെന്നും ശബരിമല എഡിഎം അരുണ്‍. കെ. വിജയന്റെ സാന്നിധ്യത്തില്‍ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗം വിലയിരുത്തി. മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മികച്ച നിലയിലാണ് വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നതെന്ന് ശബരിമല എഡിഎം അരുണ്‍. കെ. വിജയന്‍ പറഞ്ഞു. കോവിഡ് പരിശോധന, തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്ക് മികച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 
 
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരും സേവനത്തിനായി എത്തുന്ന ഉദ്യോഗസ്ഥരും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുമായാണ് എത്തുന്നത്. വളരെ മുന്‍കരുതലോടെയാണ് മുന്നോട്ടു പോകുന്നത്. സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ച താല്‍ക്കാലിക ജീവനക്കാരനെയും പ്രൈമറി കോണ്ടാക്ടിനെയും ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിച്ച് എഫ്എല്‍ടിസിയിലേക്കു മാറ്റാനും ഇവരുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈന്‍ ചെയ്യാനും നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എഡിഎം പറഞ്ഞു. 
 
ശബരിമല സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സത്വര നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു.  ദേവസ്വം ബോര്‍ഡിന്റെ ഒരു താല്‍ക്കാലിക ജീവനക്കാരന് കോവിഡ് പോസിറ്റീവായി. ചെറിയ അസ്വസ്ഥത വന്നപ്പോള്‍ തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കുകയും പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു.  കൂടെ മുറിയിലുണ്ടായിരുന്ന ഒരാള്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന മുറി അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിച്ചു. രണ്ടു പേര്‍ക്കും തുടര്‍ ചികിത്സ നല്‍കാന്‍ നടപടി സ്വീകരിച്ചു.  ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍