ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

എ കെ ജെ അയ്യര്‍

ശനി, 14 നവം‌ബര്‍ 2020 (08:32 IST)
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
 
സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമായിരിക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. റിസല്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. പമ്പാ നദിയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പകരം ഇവിടെ ഷവറുകള്‍ സ്ഥാപിക്കും. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി രണ്ടു ഷവര്‍ യൂണിറ്റുകള്‍കൂടി അധികമായി നിര്‍മ്മിക്കും. ജലസേചന വകുപ്പ് ഷവര്‍ യൂണിറ്റുകളിലേക്കും, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്കും അവശ്യമായ ജലം ലഭ്യമാക്കും. ആരോഗ്യവകുപ്പ് വേണ്ടത്ര കിയോസ്‌കുകളും, ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും സേവനം ഉറപ്പുവരുത്തും.
 
ഇത്തവണ ദര്‍ശനം നടത്തുവാന്‍ തീര്‍ത്ഥാടകര്‍ക്ക് സ്വാമി അയ്യപ്പന്‍ റോഡ് വഴി പോകുന്നതിനാണു സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. ഈ വഴിയില്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ അഞ്ച് അടിയന്തര ഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നിലക്കല്‍ ബേസ് ക്യാമ്പില്‍ സിഎഫ്എല്‍ടിസി സജ്ജീകരിച്ചിട്ടുണ്ട്. അധികമായി 16 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്.
 
തീര്‍ത്ഥാടകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തും. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സന്നിധാനം നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ എന്നിവിടങ്ങളില്‍ സാനിറ്റൈസിംഗ് കിയോസ്‌കുകള്‍, മുഖാവരണങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ തുടങ്ങിയവ സ്ഥാപിക്കും. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയെല്ലാം നിര്‍മ്മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്ലാന്തോട്ടം ഭാഗത്തെ റോഡ് ഗതാഗതയോഗ്യമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
 
വനം വകുപ്പ് വനപാതകളില്‍ മുഖാവരണം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കും. വൈദ്യുതി ബോര്‍ഡ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നുണ്ടെന്നുറപ്പു വരുത്തും. കെ.എസ്.ആര്‍.ടി.സി പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ 25 ബസുകള്‍ സര്‍വീസ് നടത്തും. പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍