ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സുപ്രീം കോടതി വിധിയുണ്ടാകാതെ ആചാരങ്ങളില്‍ മാറ്റംവരുത്തില്ല: ദേവസ്വംമന്ത്രി

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (07:54 IST)
ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ സ്​ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക്​ ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. വരുന്ന​ ജനുവരിയില്‍ ശബരിമല ചവിട്ടുമെന്നും അതിനായി സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടാകുന്ന് പ്രതീക്ഷിക്കുന്നതായിമുള്ള തൃപ്തി ദേശായിയുടെ പ്രസ്​താവന സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.   
 
ദേവസ്വം ബോർഡി​ന്റെ ആചാരങ്ങളും നിയമങ്ങളുമാണ് നിലവിൽ ശബരിമലയിൽ തുടരുന്നത്​. സ്ത്രീ പ്രവേശനം സംബന്ധിച്ച വ്യത്യസ്ത നിലപാടുകള്‍ പൊതുസമൂഹത്തിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡി​ന്റെ നിയമങ്ങൾ സാമൂഹിക പ്രവർത്തക കൂടിയായ തൃപ്​തി ദേശായിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 
 
പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വരുന്ന​ ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന്​ തൃപ്​തി ദേശായ്​ വ്യക്തമാക്കിയത്​. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ലാതിരുന്നിട്ടും ശബരിമലയിൽ എന്തുകൊണ്ട്​ പ്രവേശം അനുവദിക്കുന്നില്ലെന്നും വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് താൻ ചോദ്യംചെയ്യുന്നതെന്നും​ തൃപ്​തി ദേശായ്​ പറഞ്ഞിരുന്നു​. 

വെബ്ദുനിയ വായിക്കുക