ശബരിമലയിലെ വെടിവഴിപാട് ദുരന്തം സമ്മാനിക്കും; യാതൊരു സുരക്ഷയുമില്ലാതെ മുറികളില്‍ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നു- റിപ്പോര്‍ട്ട് പൊലീസ് കളക്‍ടര്‍ക്ക് കൈമാറി

ചൊവ്വ, 12 ഏപ്രില്‍ 2016 (16:00 IST)
ശബരിമലയില്‍ വെടിപഴിപാട് നടത്തുന്നത് അപകടകരമായ സാഹചര്യത്തിലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ്. മാര്‍ച്ച് മുപ്പത്തിയൊന്നോടെ ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് കാലാവധി അവസാനിച്ചു. അപകടകരമായ രീതിയിലാണ് ശബരിമലയില്‍ വെടിമരുന്ന് സൂക്ഷിക്കുന്നതെന്നും പൊലീസ് മേധാവി ജില്ലാ കളക്ടര്‍ എസ് ഹരികിഷോറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ശബരിമലയില്‍ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞതായി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചപ്പോള്‍ മോശമായ സമീപനമാണ് ലഭിച്ചത്. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നാണ് കൊപ്രാപുരയെന്നും ഇതിന് സമീപം വേസ്റ്റ് കത്തിക്കാറുണ്ട്. ഇതെല്ലാം അപകടത്തിന് കാരണമാകുന്നുണ്ടെന്നും പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഇവിടെ ഉള്ളതെന്നും ഇത് ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വെടിവഴിപാടിന് ലൈസന്‍സ് ലഭിച്ചിരിക്കുന്നയാള്‍ ഒരിക്കല്‍ പോലും സന്നിധാനത്ത് വരില്ല. ജീവനക്കാരാണ് വെടിവഴിപാട് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്നും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കളക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെക്കുറിച്ച് അഗ്നിശമന സേനയുടെ അഭിപ്രായം തേടിയ ശേഷം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക