കേരള പോലീസിലും ആർ എസ് എസ് പിടിമുറുക്കുന്നു? ഉത്തരംമുട്ടി ഡിജിപി

ചൊവ്വ, 13 മാര്‍ച്ച് 2018 (15:40 IST)
കേരള പൊലീസിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ ആർ എസ് എസ് സെൽ പ്രവർത്തിക്കുന്നതായി മുൻപ് ഇന്റലിജെൻസ് സംസ്ഥാന സർക്കറിനു മുന്നറിയിപ്പു നൽകിയിരുന്നു. വിവരങ്ങൾ പുറത്തു വന്ന ഉടൻ മുഖ്യമന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടും സെൽ ഇപ്പോഴും സേനക്കകത്ത് പരസ്യമായി പ്രവർത്തിക്കുന്നു. 
 
ഡി ജി പിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനും ഇന്റലിജന്‍സിലെ ചില ഉദ്യോഗസ്ഥരുമാണ് ആർ എസ് എസ് സെല്ലിനു പ്രവർത്തിക്കാനുള്ള പരിസരം ഒരുക്കിനൽകുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിക്കുകയും പൂർത്തിയായ റിപ്പോർട്ട്  ഡിജിപി ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല. 
 
കുറ്റക്കാരേ സംരക്ഷിക്കുന്ന നടപടിയാണ് ഡി ജി പി ലോക്‌നാഥ് ബഹ്‌റ സ്വീകരിക്കുന്നത്. ഗ്രൂപ്പിനു നേതൃത്വം നല്‍കിയവരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദവികളില്‍ തുടരുകയാണ്. തത്ത്വമസി എന്ന പേരിലാണ് സെൽ പ്രവർത്തിക്കുന്നത്. ഇവർ ആശയ വിനിമയം നടത്തുന്നത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണെന്നും കന്യാകുമാരിയിൽ രഹസ്യയോഗം ചേർന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 
 
ഇതിനിടെ സംസ്ഥാന പൊലീസിൽ ആർ എസ് എസ് പിടിമുറുക്കുന്നതായി  സി പി ഐ എം സംസ്ഥാന സമ്മേളനത്തിലും വിമർശനം ഉയരുകയുണ്ടായി. എന്നിട്ടും അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍