ആര്‍എസ്‌എസ് പിണങ്ങി, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പെ സംസ്ഥാന ബിജെപിയില്‍ പ്രമുഖരുടെ തലകള്‍ ഉരുളും
വെള്ളി, 6 നവംബര്‍ 2015 (17:31 IST)
തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ വമ്പന്‍ അഴിച്ചുപണി വരുന്നു. സംസ്ഥാനത്തെ ആര്‍എസ്‌എസ് ഘടകം ബിജെപി ദേശീയ നേതൃത്വത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച കേരളത്തിലെ ബിജെപിയിലെ പ്രബല ഗ്രൂപ്പുകളായ കൃഷ്ണദാസ് പക്ഷത്തിനും, മുരളീധര പക്ഷത്തിനും നേരെ ബിജെപി ദേശീയ നേതൃത്വം അച്ചടക്കത്തിന്റെ വാള്‍ വീശുമെന്ന് സൂചനകള്‍. ഇരു ഗ്രൂപ്പിലേയും പ്രബലനേതാക്കള്‍ പലരും നേതൃത്വത്തില്‍ നിന്ന് പുറത്തുപോകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കേരളത്തില്‍ നിന്നുള്ള ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍ തുടങ്ങി പലരും അധ്യക്ഷന്‍ അമിത്ഷായുടെ അച്ചടക്ക ചാട്ടയുടെ ചൂടറിയുമെന്നാണ് വിവരം. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അനുക്കൂലമായ സാഹചര്യം ഗ്രൂപ്പ് വഴക്കിലും അനാവശ്യ വിവാദത്തിലും പെടുത്തി കളഞ്ഞുകുളിച്ചു എന്നാണ് ആര്‍എസ്‌എസ് കേരള ഘടകം ബിജെപി ദേശീയ നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ ഇടപെടല്‍ സജീവമായി ഉണ്ടായിരുന്നെങ്കിലും തമ്മിലടിച്ച് ബി.ജെ.പി അത് നശിപ്പിച്ചുവെന്നാണ് അവരുടെ പരാതി.
വലിയ പ്രതീക്ഷയോടെയാണ് വെള്ളാപ്പള്ളി നടേശനുമായി ബന്ധമുണ്ടാക്കാന്‍ ആര്‍എസ്എസ്. മുന്‍കൈയെടുത്തത്. എന്നാല്‍ സംസ്ഥാന ബിജെപിക്കുള്ളില്‍നിന്നുതന്നെ അതിനെ തുരങ്കംവച്ചുവെന്നും അവര്‍ക്ക് പരാതിയുണ്ട്. പരസ്പരവിരുദ്ധമായ പ്രസ്താവനകളിലൂടെ എസ്എന്‍ഡിപി അണികളില്‍ ബിജെപി തന്നെ ആശയക്കുഴപ്പംസൃഷ്ടിച്ചു. കൂടാതെ പഴയകാല നേതാക്കളായ പിപി മുകുന്ദന്‍, കെ രാമന്‍ പിള്ള തുടങ്ങിയവരുടെ തിരിച്ചുവരവ് വിവാദമാക്കിയതും ആര്‍എസ്‌എസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാണ് വിവരം.
മാത്രമല്ല, തെരഞ്ഞെടുപ്പ് അതിന്റെ പാരമ്യതയില്‍ നിന്ന സമയത്ത് അതില്‍ നിന്നും ശ്രദ്ധമാറ്റി പാര്‍ട്ടിയുടെ സംഘടനാ പുനഃസംഘടനയിലേക്ക് കൊണ്ടുപോയതില്‍ ആര്‍എസ്എസ്‌നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. ഇവരുടെ നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാന നേതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് ബിജെപി ദേശീയനേതൃത്വം ഒരുക്കിവച്ചിരിക്കുന്നത്.
വി മുരളീധരനും പി കെ കൃഷ്ണദാസും ഉള്‍പ്പെടെ അവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിലെ പല നേതാക്കള്‍ക്കും അച്ചടക്കത്തിന്റെ പടവാള്‍ നേരിടേണ്ടിവരും. അവരൊക്കെ വരുംദിവസങ്ങളില്‍ ചിത്രങ്ങളില്‍ നിന്ന് തന്നെ ഇല്ലാതാകും. പകരം ആര്‍എസ്എസിന്റെ കൂടി പിന്തുണയോടെ പുതിയ നേതൃനിരയെകൊണ്ടുവരാനായിരിക്കും ശ്രമിക്കുക. മണ്ഡല തലം മുതല്‍ ബിജെപിയില്‍ പിടിമുറുക്കാനാണ് ആര്‍എസ്‌എസിന്റെ തീരുമാനമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി സംഘടനാ സെക്രട്ടറി ഉമാകാന്തനും പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കേണ്ടതായി വരും, ഗ്രൂപ്പിസത്തെ അനുകൂലിച്ചതാണ് ഉമാകാന്തന് വിനയായത്.