റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് നടപടി. റോബിന്‍ ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയെന്ന ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കഴിഞ്ഞയാഴ്ച ബസ് എംവിഡി പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബസ് പിടിച്ചെടുക്കല്‍ നടപടി. തുടര്‍ന്ന് ബസ് പത്തനംതിട്ട എ.ആര്‍.ക്യാംപിലേക്ക് മാറ്റുകയായിരുന്നു.
എംവിഡി സ്‌ക്വാഡ് ചോദ്യം ചെയ്തപ്പോള്‍ ബസിലെ യാത്രക്കാര്‍ പല ആവശ്യങ്ങള്‍ക്കായി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്ന് ബോധ്യപ്പെട്ടു. എഐടിപി പെര്‍മിറ്റുള്ള വാഹനങ്ങള്‍ കോണ്‍ട്രാക്ട് കാരേജുകളായതിനാല്‍ അവയ്ക്കു ബാധകമായ എല്ലാ ചട്ടങ്ങളും റോബിന്‍ ബസിനു ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. എഐടിപി ചട്ടം 11 പ്രകാരം പെര്‍മിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറി കെ.മനോജ് കുമാറിന്റെ ഉത്തരവില്‍ പറയുന്നത്.