ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (15:09 IST)
വാഹനാപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ. കുറഞ്ഞത് 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ് നല്കാവൂ എന്നും ശുപാര്‍ശയിലുണ്ട്.
 
പുരുഷന്മാര്‍ക്ക് 20ഉം സ്ത്രീകള്‍ക്ക് 21ഉം വയസായി ഉയര്‍ത്തണമെന്നും ശുപാര്‍ശയിലുണ്ട്. വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച കമ്മീഷന്‍ ആണ് ഈ ശുപാര്‍ശകള്‍ മുന്നോട്ടു വെച്ചത്.  നിലവില്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി 18 വയസാണ്.
 
കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്റ്റുഡന്‍സ് ലൈസന്‍സ്’ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം ലൈസന്‍സ് ഉള്ളവര്‍ക്ക് വിദ്യാലയങ്ങളിലേക്ക് പോകുവാന്‍ മാത്രം വാഹനം ഓടിക്കാനായിരിക്കും അനുമതി ഉണ്ടാകുക.
 
16 വയസ്സുള്ളവര്‍ക്ക് 50 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ ഉപയോഗിക്കാന്‍ നിലവില്‍ ലൈസന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ 50 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ ലൈസന്‍സ് ലഭിക്കുന്നവരും 100 സി സിയില്‍ മുകളിലുള്ള ബൈക്കുകളാണ് ഉപയോഗിക്കുന്നത്.
 
ഇങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് സ്റ്റുഡന്‍സ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക