600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്ക് കൊവിഡ്, കടുത്ത ആശങ്കയിൽ പൂന്തുറ

ബുധന്‍, 8 ജൂലൈ 2020 (14:18 IST)
സംസ്ഥാനത്ത് കടുത്ത ആശങ്കയുണർത്തി തിരുവനന്തപുരം പൂന്തുറയിലെ സാഹചര്യം.കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇവിടെനിന്നും പരിശോധനനടത്തിയ 600 സാമ്പിളുകളിൽ 119 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
 
ഇവിടെ നിന്നും കൊവിഡ് സ്ഥിരീകരിച്ച ഒരു വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്കത്തിൽ 120 പേരും ദ്വിതീയ സമ്പര്‍ക്കത്തി 150ഓളം പേരും വന്ന സാഹചര്യത്തിലാണ് അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകിയത്.പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 
പൂന്തുറ, വള്ളക്കടവ് ഭാഗങ്ങളിലായി ഇന്നലെ 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നും അന്‍പതോളം പരിശോധനാ ഫലങ്ങൾ പോസിറ്റീവായതാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍