'പേടിക്കേണ്ട, ഒപ്പമുണ്ട്' ധൈര്യം പകര്‍ന്ന് സൈനികന്‍; ബാബുവിന്റെ ദേഹത്ത് ബെല്‍റ്റ് ഘടിപ്പിച്ച് തന്റെ ദേഹത്ത് ചേര്‍ത്തു കെട്ടി, രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

ബുധന്‍, 9 ഫെബ്രുവരി 2022 (10:57 IST)
മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ദൗത്യം വിജയകരം. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവര്‍ത്തകന്‍ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ മുകളിലേക്കെത്തിച്ചത്. മലയുടെ മുകളില്‍നിന്ന് എയര്‍ ലിഫ്റ്റ് ചെയ്തായിരിക്കും ഇനി ബാബുവിനെ തിരികെയെത്തിക്കുക. 
 
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കില്‍ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തിയത്. ഇനി മുകളില്‍ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്യുകയാണ് ദുഷ്‌കരമായ ദൗത്യം. 
 
ഒന്‍പതരയോടെയാണ് സൈനികന്‍ ബാബു ഇരിക്കുന്ന മലയിടുക്കിലേക്ക് റോപ്പ് വഴി എത്തിയത്. 'പേടിക്കേണ്ട, ഒപ്പമുണ്ട്' എന്ന് ധൈര്യപ്പെടുത്തിയ ശേഷം ബാബുവിന്റെ ദേഹത്തും റോപ്പ് ഘടിപ്പിക്കുകയായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് സൈനികനും ബാബുവും മല മുകളിലേക്ക് എത്തിയത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍