Red Alert : കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്,ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു

അഭിറാം മനോഹർ

തിങ്കള്‍, 26 മെയ് 2025 (18:23 IST)
Red Alert Issued in Kozhikode; Public Entry to Water Bodies Prohibited
കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാളെ (മേയ് 27) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയ സാധ്യതയും ഉരുള്‍പൊട്ടലിന്റെ ഭീഷണിയും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം അടിയന്തരമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.കോഴിക്കോട് കലക്ടര്‍ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
 
ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പൊതുജനപ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. അതുപോലെ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുത്തല്‍, ഖനനം, കിണര്‍ നിര്‍മാണം, മണലെടുത്തല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.
 
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അതാത് മേഖലയിലെ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറണം. പ്രത്യേകിച്ച് നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.
 
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതാത് മേഖലയില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടോ എന്നത് ഉറപ്പാക്കുകയും പകല്‍ സമയത്തുതന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയും വേണം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുമായി അല്ലെങ്കില്‍ റെവന്യൂ വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്.
 
ശക്തമായ കാറ്റിന്റെ സാധ്യതയെ അടിസ്ഥാനമാക്കി അടച്ചുറപ്പില്ലാത്ത വീടുകളിലോ മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലോ താമസിക്കുന്നവര്‍ പ്രത്യേക സൂക്ഷ്മത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാറ്റ് മൂലം മരങ്ങള്‍ കടപുഴകി വീഴുകയോ പോസ്റ്റുകള്‍ തകരുകയോ ചെയ്യുന്ന അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനായി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ ( https://sdma.kerala.gov.in/windwarning/ ) ലഭ്യമാണ്.
 
മഴയോട് അനുബന്ധിച്ച് നദികളോ ജലാശയങ്ങളോ കടക്കാനോ, കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനോ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലുള്ള മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ, സെല്‍ഫി എടുക്കുകയോ, കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ ശക്തമായ വിലക്കുണ്ട്.
 
ജനങ്ങള്‍ ദുരന്ത നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍