എസ്എഫ്ഐ നേതാവും മുൻ യൂണിയൻ ചെയർമാനുമായിരുന്ന വിദ്യാര്‍ഥിയെ പുതിയ മാർക്ക് നൽകി എംഎ ജയിപ്പിക്കണമെന്നു ശുപാർശ

വ്യാഴം, 25 ഓഗസ്റ്റ് 2016 (08:33 IST)
കേരള സർവകലാശാലയുടെ മുൻ യൂണിയൻ ചെയർമാനെ പുതിയ മാർക്ക് നൽകി എംഎ ജയിപ്പിക്കണമെന്നു പരീക്ഷാ സ്ഥിരം സമിതി ശുപാർശ ചെയ്തു. 2011–13 വർഷത്തെ എംഎ പൊളിറ്റിക്സ് വിദ്യാർഥിയും എസ്എഫ്ഐ യൂണിയൻ ചെയർമാനുമായിരുന്ന വിദ്യാർഥിയെയാണു 2013ൽ എംഎ പാസായതായി കാണിച്ച് സർട്ടിഫിക്കറ്റ് നൽകാൻ കേരള സർവകലാശാല സിൻഡിക്കറ്റിന്റെ പരീക്ഷാസമിതി തീരുമാനിച്ചത്.
 
2012ൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഇന്റേണലിനു പൂജ്യം മാർക്കായിരുന്നു ഈ വിദ്യാര്‍ഥിക്ക് ലഭിച്ചത്. കൂടാതെ ആവശ്യമായ 75%ഹാജരും ഉണ്ടായിരുന്നുല്ല. ഇത്തരം വിദ്യാർഥികളെ രണ്ടാം വർഷ ക്ലാസിൽ പഠിപ്പിക്കാൻ പറ്റില്ലെന്ന വ്യവസ്ഥയുണ്ടെങ്കിലും കോളജ് അധികൃതർ പഠിപ്പിക്കുകയും പരീക്ഷ എഴുതിക്കുകയും ചെയ്തിരുന്നു. പക്ഷേ ഫലം സർവകലാശാല തടഞ്ഞു വക്കുകയും ചെയ്തിരുന്നു.
 
പരീക്ഷാ സ്ഥിരം സമിതിയിലും സിൻഡിക്കറ്റിലും എൽഡിഎഫിനു വന്‍ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് പുതിയ മാർക്ക്  സമിതി അംഗീകരിച്ചത്. തുടര്‍ന്നായിരുന്നു ഈ വിദ്യാർഥി 2013ൽ പാസായതായി കണക്കാക്കണമെന്നും സര്‍വകലാശാല തീരുമാനിച്ചത്. നാളെ ചേരുന്ന സിൻഡിക്കറ്റ് യോഗം ഇത് അംഗീകരിക്കുകയാണെങ്കില്‍ വിദ്യാർഥിക്കു സർട്ടിഫിക്കറ്റ് ലഭിച്ചേക്കും. 
 

വെബ്ദുനിയ വായിക്കുക