വിമതര്‍ക്കെതിരെ കര്‍ശന നടപടിയുമായി യു ഡി എഫ്

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (08:41 IST)
പാര്‍ട്ടി തീരുമാനം ലംഘിച്ചും തദ്ദേസസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ കര്‍ശന നടപടിയുമായി യു ഡി എഫ്. മലപ്പുറം ജില്ലയില്‍ പാര്‍ട്ടിവിരുദ്ധമായി നിലകൊണ്ട 32 പേരെയാണ് മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 15 പാര്‍ട്ടിവിരുദ്ധര്‍ക്കെതിരെ കോണ്‍ഗ്രസും നടപടി എടുത്തിട്ടുണ്ട്.
 
ജില്ല നേതൃത്വം നേരിട്ട് ആവശ്യപ്പെട്ടിട്ടും പിന്‍മാറാതെ മത്സരരംഗത്ത് നിലനില്‍ക്കുന്നവരാണിവര്‍. കോണ്‍ഗ്രസ് പുറത്താക്കിയ 15 പേരില്‍ രണ്ടുപേര്‍ വനിതകളാണ്. ജില്ലയിലെ 22 പഞ്ചായത്തുകളിലും ഒരോ ബ്ലോക്കിലും നഗരസഭയിലും കോണ്‍ഗ്രസും ലീഗും തനിച്ചാണ് മത്സരിക്കുന്നത്.
 
വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും വിമതര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ നില്‍ക്കുന്ന വിമതര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക