സംസ്ഥാനത്ത് ചെള്ളുപനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവ വ്യാപിക്കുന്നതായി വിവിധ സ്ഥലങ്ങളിലും നിന്നും റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് വെങ്ങാന്നൂരില്‍ ചെള്ളുപനി ബാധിച്ച് ഒരാളും ആറാട്ടുപുഴയില്‍ എലിപ്പനി ബാധിച്ച് മറ്റൊരാളും മരിച്ചു.
വെങ്ങാന്നൂര്‍ ചാവടിനട നടേശ ഭവനില്‍ ശില്‍പ്പ എന്ന 13 ഉള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചെള്ളുപനി ബാധിച്ചു മരിച്ചു. ഒരാഴ്ച മുമ്പാണ് കുട്ടിയെ പനി ബാധിച്ച് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.
ആറാട്ടുപുഴ വട്ടച്ചാല്‍ ആശാരിശേരില്‍ രഘു മകന്‍ ശ്യാംജിത്ത് എന്ന 27 കാരനാണു എലിപ്പനി ബാധിച്ച് മരിച്ചത്. വീട്ടിലെ വെള്ളം സംഭരിക്കുന്ന ടാങ്കില്‍ എലി ചത്തുകിടന്നത് ശ്യാംജിത്തായിരുന്നു വൃത്തിയാക്കിയത്. എന്നാല്‍ അടുത്ത ദിവസം തന്നെ ഇയാള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ടല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.