മൂക്കിലൂടെ അമീബ തലച്ചോറിൽ: ആലപ്പുഴയിൽ 15കാരന് അപൂർവ്വരോഗം

വെള്ളി, 7 ജൂലൈ 2023 (14:06 IST)
ആലപ്പുഴയില്‍ പതിഞ്ചുകാരന് അപൂര്‍വ്വ രോഗം. പാണവള്ളി സ്വദേശിയായ പതിനഞ്ചുകാരനാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 
ഇതിന് മുന്‍പ് 2017ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. രോഗത്തിന്റെ രൂക്ഷത കണക്കിലെടുത്ത് മലിനജലത്തില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
 
രോഗാണുക്കള്‍ നിറഞ്ഞ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ അമീബ വിഭാഗത്തില്‍ പെട്ട രോഗാണുക്കള്‍ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍സെഫലൈറ്റിസ് ഉണ്ടാകാനിടയാകുകയും ചെയ്യുന്നു. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇത് പ്രധാനമായും രോഗമുണ്ടാക്കുന്നത്. ഏതെങ്കിലും തരത്തില്‍ പ്രതിരോധശേഷി കുറഞ്ഞവരിലും ഈ അപൂര്‍വ്വരോഗം ചിലപ്പോള്‍ ഉണ്ടാകാനിടയുണ്ട്. അതേസമയം മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ഇത്. ശക്തിയായ പനി,ഛര്‍ദ്ദി,തലവേദന,അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
 
നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂര്‍വ്വമായി മാത്രമെ ഈ അമീബിക് മസ്തിഷ്‌കജ്വരം കേരളഠില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. വെള്ളം വായിലൂടെ കുടിക്കുന്നത് മൂലം ഈ രോഗം വരില്ല. എന്നാല്‍ വെള്ളം ശക്തിയായി മൂക്കിലൂടെ കടന്നാല്‍ മൂക്കിലെ അസ്ഥികളിലെ നേരിയ വിടവിലൂടെ ഇവ തലച്ചോറിലെത്തുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍